വർക്കല : മൈതാനം-റെയിൽവേ അടിപ്പാത റോഡിൽ താഴെവെട്ടൂർ റോഡ് സന്ധിക്കുന്ന ജങ്ഷനിൽ അപകടങ്ങൾ പതിയിരിക്കുന്നു. പ്രധാന റോഡിൽ നിന്നും താഴേവെട്ടൂർ റോഡിലേക്ക് വാഹനങ്ങൾ തിരിയുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്.
ദിനവും ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നു. പ്രധാന റോഡിലെ ജങ്ഷനിൽ ഗതാഗതനിയന്ത്രണങ്ങൾ ഒന്നുമില്ല. റോഡുകൾ ചേരുന്ന ഭാഗത്തുള്ള കുഴിയും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. രാത്രിയാണ് അപകടങ്ങൾ കൂടുതലുണ്ടാകുന്നത്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും ഒഴിവാക്കാൻ നടപടികളുണ്ടാകുന്നില്ല.
വർക്കലയിൽ ഏറ്റവും തിരക്കേറിയ റോഡാണ് മൈതാനത്തുനിന്നും അടിപ്പാതഭാഗത്തേക്കുള്ളത്. ഇടമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ എതിർദിശയിൽനിന്നെത്തുന്ന വാഹനങ്ങളെ മുറിച്ചുകടന്നാണ് താഴെവെട്ടൂർ റോഡിലേക്ക് വാഹനങ്ങൾക്ക് തിരിയേണ്ടത്. തീരദേശ റോഡുവഴി തിരുവനന്തപുരം ഭാഗത്തേക്കു പോകുന്നതും ഇതുവഴിയാണ്. അതിനാൽ താഴെവെട്ടൂർ റോഡിലും എപ്പോഴും തിരക്കുണ്ടാകും. മൈതാനംഭാഗത്തുനിന്നും താഴെവെട്ടൂർ റോഡിലേക്ക് തിരിയാൻ വാഹനങ്ങൾ ഇൻഡിക്കേറ്റർ ഇട്ടുവന്നാലും എതിർദിശയിൽനിന്നുള്ള വാഹനങ്ങൾ പലപ്പോഴും നിർത്താറില്ല.
നിയന്ത്രിക്കാൻ ഒന്നുമില്ലാത്തതിനാൽ വാഹനമോടിക്കുന്നവരുടെ മനഃസാന്നിധ്യമനുസരിച്ച് കടക്കാൻ ശ്രമിക്കും. അപ്പോഴാണ് അപകടമുണ്ടാകുന്നത്.
എതിർദിശയിൽനിന്നും അമിതവേഗത്തിൽ വാഹനങ്ങൾ കടന്നുവരുമ്പോൾ വലത്തേക്കു തിരിഞ്ഞുപോകാൻ കഴിയാതെവരും. പിന്നിലും വാഹനങ്ങൾ കടന്നുവരുന്നതിനാൽ ഇടത്തേക്കും തിരിക്കാൻ കഴിയാതെവരും. ഇതോടെ റോഡിന്റെ മധ്യഭാഗത്ത് വാഹനങ്ങൾ നിർത്തേണ്ട നിസ്സഹായാവസ്ഥയിലാകും ഡ്രൈവർമാർ. ഇരുവശങ്ങളിലൂടെയും കടന്നുപോകുന്ന വാഹനങ്ങൾ ചെറുതായി തട്ടിയാൽപ്പോലും ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടും.
താഴെവെട്ടൂർ റോഡിൽനിന്നെത്തുന്ന വാഹനങ്ങൾ അടിപ്പാത ഭാഗത്തേക്കു തിരിയുമ്പോഴും അപകടസാധ്യതയുണ്ട്. പ്രധാന റോഡിൽ ഇരുവശങ്ങളിൽനിന്നുമെത്തുന്ന വാഹനങ്ങളെ മുറിച്ചുകടക്കണം. സ്ത്രീയാത്രക്കാരാണ് ജങ്ഷൻ കടക്കാൻ ഏറെ കഷ്ടപ്പെടുന്നത്.
:താഴെവെട്ടൂർ റോഡിൽനിന്നും പ്രധാന റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഏറെനാളായി തുടരുന്ന കുഴി കാരണം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. താഴെവെട്ടൂർ റോഡിൽനിന്നെത്തുന്ന ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിൽ അധികവും. രാത്രിയിൽ ശ്രദ്ധയിൽപ്പെടാതെ കുഴിയിൽവീണാണ് അപകടമുണ്ടാകുന്നത്. പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഡ്രൈവർമാരുടെ ശ്രദ്ധ ഇരുവശങ്ങളിലുമുള്ള വാഹനങ്ങളിലായിരിക്കും. എതിർദിശയിൽനിന്നും വാഹനങ്ങൾ പെട്ടെന്ന് കടന്നുവരുമ്പോൾ വെട്ടിത്തിരിച്ചാൽ കുഴിയിൽ വീഴും. വലിയ വാഹനങ്ങളും കുഴിയിലിറങ്ങിയാണ് ജങ്ഷൻ കടക്കുന്നത്. കുഴി നികത്തി ജങ്ഷനിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
:വലിയ അപകടങ്ങൾക്ക് കാത്തുനിൽക്കാതെ റെയിൽവേ അടിപ്പാത ജങ്ഷനിൽ സുരക്ഷിതയാത്രയ്ക്ക് സൗകര്യമൊരുക്കണം. അപകടങ്ങൾക്ക് കാരണമാകുന്ന റോഡരികിലെ കുഴിയും ഒഴിവാക്കണം
