വർക്കല: മനുഷ്യജീവിതത്തിലുടനീളം ആവശ്യമായ മുഴുവൻ കാര്യങ്ങളും വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ടെന്നും, ജീവിത വിജയത്തിന്റെ പ്രധാന പടിവാതിൽ അല്ലാഹുവിലേക്കുള്ള പ്രാർത്ഥനയാണെന്നും നടയറ ജുമാ:മസ്ജിദ് ചീഫ് ഇമാം ഹാഫിള് മുഹമ്മദ് സഹൽ അസ്ഹരി മരുതിക്കുന്ന് അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ പന്ത്രണ്ടാം ദിവസമായ ബുധനാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ എന്തുതന്നെ കടുത്ത പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടായാലും ഒരിക്കലും മനസ്സ് തകർന്നുപോകാതെ അവയെ ധീരമായി നേരിടാൻ വിശ്വാസിക്ക് കഴിയണം. നിരാശയുടെ കാർമേഘങ്ങൾക്കിടയിൽ ആത്മഹത്യപോലെയുള്ള അല്ലാഹു നിഷിദ്ധമാക്കിയ തെറ്റായ വഴികളിലേക്ക് ഒരിക്കലും വീണുപോകരുതെന്നും അദ്ദേഹം വിശ്വാസികളെ ഉണർത്തി.
പ്രതിസന്ധികളെ സഹിഷ്ണുതയോടും പ്രാർത്ഥനയോടും കൂടി നേരിടാനുള്ള അപാരമായ മാനസിക കരുത്താണ് ഇസ്ലാം ഓരോ മനുഷ്യനും സമ്മാനിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്രഷ്ടാവായ അല്ലാഹുവിന്റെ റഹ്മത്തിൽ പൂർണ്ണമായി ഭരമേൽപ്പിച്ച് ജീവിക്കുമ്പോൾ ഏത് വലിയ ദുരിതങ്ങളെയും നമുക്ക് അതിജീവിക്കാൻ സാധിക്കുമെന്നും ഹാഫിള് മുഹമ്മദ് സഹൽ അസ്ഹരി മരുതിക്കുന്ന് കൂട്ടിച്ചേർത്തു.
ബുഖാരി മജ്ലിസിന്റെ പതിമൂന്നാം ദിവസമായ ജൂലൈ 30, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ സുലൈമാൻ ദാരിമി പ്രഭാഷണം നടത്തും.
