വർക്കല: വർക്കല ജാമിഅ: മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ദീർഘകാലം ശൈഖുൽ ഹദീസായിരുന്ന മർഹൂം എം.ബീരാൻകുട്ടി ഹസ്രത്തും, കെ.പി അബൂബക്കർ ഹസ്രത്തും ജാമിഅ: മന്നാനിയ്യയുടെ നെടുംതൂണുകളായ വിനയാന്വിതരായ പണ്ഡിതശ്രേഷ്ഠരായിരുന്നുവെന്ന് അട്ടക്കുളങ്ങര ജുമുഅ: മസ്ജിദ് ചീഫ് ഇമാം മാഹീൻ മന്നാനി വെമ്പായം അഭിപ്രായപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിന്റെ പതിനാലാം ദിവസമായ വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏതൊരു സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും കൃത്യമായ പരിഹാരം കണ്ടെത്താൻ കഴിവുള്ളവരായിരുന്നു ഇരുവരും. ആ മഹത്തുക്കൾ നഷ്ടപ്പെട്ടതിലൂടെ സമുദായത്തിനേറ്റ വിടവ് നിക്കത്താനാകാത്തതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബുഖാരി മജ്ലിസിന്റെ പതിനഞ്ചാം ദിവസമായ ഓഗസ്റ്റ് 1, ശനിയാഴ്ച വൈകുന്നേരം വർക്കല ജാമിഅ: മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥി അബൂത്വാഹിർ ബീമാപ്പള്ളി പ്രഭാഷണം നടത്തും.
