വർക്കല : ജീവിതത്തിൻ്റെ നിഖില മേഖലകളിലും വിശ്വാസികൾ വിശ്വസ്തത നിലനിർത്തണമെന്നും സൃഷ്ടാവായ അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം അടിയുറപ്പിക്കണമെന്നും എലികുന്നാംമുകൾ ജുമാ:മസ്ജിദ് ചീഫ്ഇമാം വഞ്ചിയൂർ റിയാസ് മന്നാനി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅ: മന്നാനിയ്യയിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ എട്ടാം ദിവസമായ ശനിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൗതിക അതിപ്രസരങ്ങളിൽ അടിപ്പെട്ടുപോയവരുടെ യുക്തിവാദചിന്തകളിൽ ഉൾപ്പെട്ടുപോകാതെ വിശ്വാസധാരയിൽ ഉറച്ച് നിൽക്കണമെന്നും ആ അടിസ്ഥാനത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വസ്ഥത നിലനിർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വേലയ്ക്ക് വിളിക്കാവുന്നവരിൽ ഏറ്റവും ഉത്തമർ ശക്തരും വിശ്വസ്തരുമാണെന്ന പരിശുദ്ധ ഖുർആൻ്റെ ഉദ്ബോധനം ഓർമപ്പെടുത്തി തൊഴിൽ മേഖലകളിൽ ഉൾപ്പെടെ പരസ്പരം വിശ്വസ്തത നിലനിർത്തണമെന്നും, ഇമാം ബുഖാരി(റ) ഇക്കാര്യം പ്രത്യേക പാഠങ്ങളിലൂടെ ഉണർത്തിയിട്ടുള്ളതും റിയാസ് മന്നാനി ചൂണ്ടിക്കാട്ടി.
ബുഖാരി മജ്ലിസിന്റെ ഒൻപതാം ദിവസമായ ജൂലൈ 26 ഞായറാഴ്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും വിദ്യാഭ്യാസ ബോർഡ് ചെയർമാനുമായ എ.കെ. ഉമർ മൗലവി വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ പ്രഭാഷണം നടത്തും.
