വർക്കല: ജീവിതത്തിൽ വിശ്വാസിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും സംരക്ഷണ കവചവുമാണ് മാതാവിന്റെ പ്രാർത്ഥനയെന്ന് ആറാലുംമൂട് ജുമാ:മസ്ജിദ് ചീഫ് ഇമാം കൊല്ലം ഷംനാദ് നിസാമി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ പതിനൊന്നാം ദിവസമായ ചൊവ്വാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ മഹത്തായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖരുടെ വിജയങ്ങൾക്ക് പിന്നിൽ അവരുടെ മാതാക്കളുടെ നിഷ്കളങ്കമായ പ്രാർത്ഥനയും ശിക്ഷണവുമായിരുന്നുവെന്ന് അദ്ദേഹം ഉണർത്തി. ഇമാം ബുഖാരി (റ), മൗലാനാ മുഹമ്മദലി ജൗഹർ, പ്രശസ്ത ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടൺ, ഫുട്ബോൾ താരം ലാമിൻ യമാൽ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന മേഖലകളിലെ പ്രമുഖരുടെ ജീവിതത്തിലെ വളർച്ചയ്ക്ക് പിന്നിലും അവരുടെ അമ്മമാരുടെ പ്രാർത്ഥനയും അർപ്പണബോധവും പ്രതിഫലിച്ചുനിൽക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ മാതാപിതാക്കളുടെ സംതൃപ്തി കരുതലോടെ നേടിയെടുക്കണമെന്ന് ഷംനാദ് നിസാമി ഓർമിപ്പിച്ചു.
ബുഖാരി മജ്ലിസിന്റെ പന്ത്രണ്ടാം ദിവസമായ ജൂലൈ 29, ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ നടയറ ജുമാ:മസ്ജിദ് ചീഫ് ഇമാം ഹാഫിള് സഹൽ അസ്ഹരി പ്രഭാഷണം നടത്തും.
