വർക്കല: ലോകത്ത് പ്രവാചക തിരുമേനി (സ്വ) യുടെ പവിത്രനാമം ധന്യമായി സ്മരിക്കപ്പെടാത്ത ഒരു നിമിഷം പോലും കടന്നുപോകുന്നില്ലെന്ന് ഉമയനെല്ലൂർ ജുമാ:മസ്ജിദ് ചീഫ് ഇമാം സുലൈമാൻ ദാരിമി കാരാളി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ പതിമൂന്നാം ദിവസമായ വ്യാഴാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തന്റെ പ്രിയപ്പെട്ട പിതൃവ്യൻ ഹംസ(റ) വിനെ ക്രൂരമായി വധിച്ച വഹ്ശിക്ക് പോലും സർവ്വവ്യാപിയായ പ്രവാചകകാരുണ്യത്താൽ മാപ്പ് നൽകിയ തിരുനബി(സ്വ) യെ അപകീർത്തിപ്പെടുത്താനും മോശമായ വാക്കുകൾ കൊണ്ട് അധിക്ഷേപിക്കാനും ശ്രമിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
പ്രവാചക തിരുമേനിയോടുള്ള അനുചരന്മാരുടെ അളവറ്റ സ്നേഹത്തെ എടുത്തുപറഞ്ഞ അദ്ദേഹം, മദീനയുടെ മധുരശബ്ദമായിരുന്ന ബിലാൽ (റ) തിരുനബിയുടെ വഫാത്തിന് ശേഷം വേർപാട് താങ്ങാനാവാതെ പ്രവാചകനില്ലാത്ത മദീനയിൽ തനിക്ക് കഴിയാനാവില്ലെന്ന് പ്രഖ്യാപിച്ച് കാതങ്ങളോളം അകലങ്ങളിലേക്ക് യാത്രയായ ഹൃദയസ്പർശിയായ ചരിത്ര സംഭവമുദ്ധരിച്ച് വിഷയം സമർത്ഥിച്ചു.
ബുഖാരി മജ്ലിസിന്റെ പതിനാലാം ദിവസമായ ജൂലൈ 31, വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ അട്ടക്കുളങ്ങര ജുമാ:മസ്ജിദ് ചീഫ് ഇമാം വെമ്പായം മാഹീൻ മന്നാനി പ്രഭാഷണം നടത്തും.
