
നെടുമങ്ങാട് : ഓണമെത്തിയതോടെ നെടുമങ്ങാട് ടൗണും പരിസരവും തിരക്കിലമർന്നു കഴിഞ്ഞു. ചുള്ളിമാനൂർ മുതൽ വഴയില വരെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് യാത്രക്കാർ. വാഹന പാർക്കിങ്ങും തോന്നിയപടി.
നെടുമങ്ങാട് ടൗണും പരിസരവും തെരുവു കച്ചവടക്കാർ കൈയ്യേറിക്കഴിഞ്ഞു. കച്ചേരിനട, സത്രംമുക്ക്, ആശുപത്രി ജങ്ഷൻ, സൂര്യാറോഡ്, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം തിരക്കൊഴിഞ്ഞ നേരമില്ല. തിരക്കിനൊപ്പം അപകടങ്ങളും പതിവാണ്.
ട്രാഫിക് പോലീസോ, നഗരസഭയോ തിരക്കൊഴിവാക്കാൻ വേണ്ട സജ്ജീകരണങ്ങൾ നടത്തിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ആശുപത്രി ജങ്ഷനിൽ നിന്നും മാർക്കറ്റ് ജങ്ഷൻ വഴി സത്രം മുക്കിലെത്തിക്കിട്ടാൻ തന്നെ വല്ലാത്ത ബുദ്ധിമുട്ടിലാണ് യാത്രക്കാർ.
തെങ്കാശിപ്പാതയിൽ നെടുമങ്ങാടിന്റെ പ്രധാന പ്രവേശന കവാടമായ ആനാട്, പഴകുറ്റി ജങ്ഷൻ മുതൽ അപകടയാത്രയാണ്.
പാലോട്, വിതുര, പൊന്മുടി, വെമ്പായം ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന പാതകൾ സംഗമിക്കുന്ന പഴകുറ്റി ജങ്ഷൻ വഴി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. എന്നാൽ വർധിച്ചുവരുന്ന വാഹനപ്പെരുപ്പത്തിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
വീതിക്കുറവും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ് പഴകുറ്റിയിലെ പ്രധാന വെല്ലുവിളി. ഇതിനുപുറമെ ജങ്ഷന് സമീപമുള്ള ബസ് സ്റ്റോപ്പുകളിൽ ബസുകൾ ദീർഘനേരം നിർത്തിയിടുന്നതും, റോഡരികിലെ അനധികൃത വാഹന പാർക്കിങ്ങും ഗതാഗത തടസ്സം ഇരട്ടിയാക്കുന്നു.
പഴകുറ്റിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ബൈപ്പാസ് പദ്ധതികൾ ഇനിയും ലക്ഷ്യത്തിലെത്തിയില്ല. ഗതാഗതക്കുരുക്ക് കാരണം സ്കൂൾ വിദ്യാർഥികൾക്കും ജോലിക്ക് പോകുന്നവർക്കും കൃത്യസമയത്ത് സ്കൂളിലും ഓഫീസിലും എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയിലാണ്.
ആംബുലൻസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പെട്ടുപോകുന്നതും പതിവാണ്.
