
ആറ്റിങ്ങൽ: 4 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ മധ്യവയസ്കന് 5 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. പിഴയൊടുക്കിയില്ലെങ്കിൽ 5 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
മണമ്പൂർ വില്ലേജിൽ തോട്ടക്കാട് ദേശത്ത് വാളക്കോട്ടുമല വീട്ടിൽ കുഞ്ഞൻ മകൻ ജ്യോതി (57)യെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി. ആർ. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്.
അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ വിളിച്ചുവരുത്തുകയും മടിയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കല്ലമ്പലം പോലീസ് 2024 നവംബർ 3-ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിട്ടുള്ളത്. കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷയും അഭിഭാഷക നീലിമ ആർ. കൃഷ്ണനും ഹാജരായി. വിക്ടിം ലൈസൻ ഓഫീസർ ഡബ്ല്യൂ സി പി ഓ ധന്യ ടി . എം പ്രോസീക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.കല്ലമ്പലം ഐ എസ് എച് ഓ കെ. വിജയരാഘവനും ആർ. ശിവകുമാറും ചേർന്നാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
