
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്ന് ബലാത്സംഗ കേസുകളിലെ അന്വേഷണം പൂർത്തിയാകാത്തത് ചർച്ചയാകുന്നു. മൂന്ന് കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. മറ്റ് രണ്ട് കേസുകളിലും നടപടികൾ പൂർത്തിയാകാൻ വൈകുകയാണ്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിരലടയാള പരിശോധന, ഡിഎൻഎ പരിശോധന തുടങ്ങിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കുന്നത് നീളാൻ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
അതേസമയം, പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ തുടരുകയാണ്. കേസിലെ പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നത്.
അന്വേഷണത്തിന് നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിലെ നിരവധി ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയതും നടപടികളെ ബാധിച്ചതായാണ് വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റവും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിലെ കാലതാമസവും കേസുകൾ നീണ്ടുപോകാൻ ഇടയാക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
