


ആറ്റിങ്ങൽ: നഗരസഭ കൗൺസിലും ജീവനക്കാരും അത്തപ്പൂക്കളമിട്ട് പൊന്നോണത്തെ വരവേറ്റു. കൊവിഡ് പ്രതിസന്ധിയിൽ പട്ടണത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് നഗരസഭാ മന്ദിരത്തിൽ പൂക്കളമിട്ട് പൊന്നോണത്തെ വരവേറ്റത്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിളക്കിന് തിരിതെളിയിച്ച് ഓണസന്ദേശം പങ്കുവച്ചു. കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷെൻസി, എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരൻ മണികണ്ഠൻ എന്നിവർ ഗാനം ആലപിച്ചതും ചടങ്ങിന് ആവേശം പകർന്നു. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ വിപണന മേളയും, കൃഷിഭവന്റെ കർഷക ചന്തയും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളാൽ സമ്പന്നമാണ്. മഹാമാരി വിതച്ച വിഷമതകൾ മറികടന്ന് നല്ലൊരു പുലരിക്കായി നമുക്കൊരുമിച്ച് ശ്രമിക്കാമെന്നും ചെയർപേഴ്സൺ അറിയിച്ചു. ജനപ്രതിനിധികളും ജീവനക്കാരും പരസ്പരം മധുരം പകർന്നു നൽകിയാണ് ലളിതമായി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങ് അവസാനിപ്പിച്ചത്.
നഗരസഭാ മന്ദിരത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി എസ്.വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
