കഠിനംകുളം: തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിൽ ചുമതലയുള്ള വനിതാ വൊളന്റിയർമാരോട് ഡ്യൂട്ടിയിലിരിക്കെ ഫോണിൽ മോശമായി സംസാരിച്ച എഎസ്ഐയെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റി. കഠിനംകുളം സ്റ്റേഷനിലെ എഎസ്ഐ കെ.പി നസീമിനെ ( 55) കാഞ്ഞിരംകുളത്തേക്ക് സ്ഥലംമാറ്റിക്കൊണ്ട് റൂറൽ എസ്പി കിരൺ നാരായൺ ഉത്തരവിറക്കി. മാസങ്ങൾക്കുള്ളിൽ വിരമിക്കാനിരിക്കുന്നതിനാലാണ് ശിക്ഷാനടപടിയിൽ അയവു വരുത്തിയതെന്നാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ദിവസങ്ങളായി ഫെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്ന നസീം വിവരങ്ങൾ കൈമാറാനെന്നു പറഞ്ഞ് വനിതാ വൊളന്റിയർമാരുടെ ഫോൺ നമ്പരുകൾ വാങ്ങിയിരുന്നു. കോളജ് വിദ്യാർഥിനികളാണ് സയൻസ് ഫെസ്റ്റിന്റെ വൊളന്റിയർമാരായി നിൽക്കുന്നത്.
രാത്രി ഫോണിൽ നിരന്തരം വിദ്യാർഥിനികളെ വിളിച്ചു ശല്യപ്പെടുത്തുകയും ഒരു പെൺകുട്ടിയോട് വിഡിയോകോളിലൂടെ അശ്ലീലം പറഞ്ഞതുമാണ് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവച്ചത്. സംഘമായെത്തിയ വിദ്യാർഥിനികൾ നസീമിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ക്ഷുഭിതനായ നസീം പെൺകുട്ടികളുമായി വാക്കേറ്റമായി. ബഹളം കേട്ട് സംഘാടകരും എത്തിയതോടെ നസീം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പി പ്രദീപ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് എസ്പിക്കു നൽകിയ റിപ്പോർട്ടിലാണ് നടപടി. സംഭവ ദിവസത്തെ നസീമിന്റെ ഡ്യൂട്ടിയും റദ്ദാക്കിയിരുന്നു.
