ചിറയിൻകീഴ് : സ്വന്തമായി സ്ഥലമുണ്ടെങ്കിലും അരനൂറ്റാണ്ടായി പെരുങ്ങുഴി പോസ്റ്റ് ഓഫീസിനു സ്വകാര്യ കെട്ടിടത്തിലെ വെളിച്ചവും സ്ഥല സൗകര്യങ്ങളുമില്ലാത്ത കുടുസുമുറികളിൽ പ്രവർത്തിക്കുവാൻ വിധി. നിന്നുതിരിയാൻ ഇടമില്ലാതെ ശ്വാസം മുട്ടിയാണ് ജീവനക്കാർ തപാൽ ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി മേട ജംക്ഷനിലാണു നിലവിൽ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പോസ്റ്റ് ഓഫീസിനു സ്വന്തമായി മന്ദിരം നിർമിക്കാനാവശ്യമായ പത്തുസെന്റ് ഭുമി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വാങ്ങി ചുറ്റുമതിലും പണിതിട്ടിട്ടു വർഷങ്ങൾ പിന്നിടുകയാണ്. ആരാലും തിരിഞ്ഞു നോക്കാനാവാതെ കാടുകയറിക്കിടക്കുന്ന സ്ഥലം വിഷപ്പാമ്പുകളുടേയും മറ്റും താവളമായി മാറിയിട്ടുള്ളതു സമീപവാസികളുടേയും രാത്രികാല വഴിയാത്രികരുടേയും ഉറക്കം കെടുത്തുന്നു.
ശാസ്തവട്ടം, അഴൂർ എന്നീ സബ് പോസ്റ്റോഫിസുകളും പെരുങ്ങുഴി പോസ്റ്റോഫിസിനു കീഴിലായതിനാൽ ജോലി ഭാരവും കൂടുതലാണിവിടെ. ദിനംപ്രതി നൂറുക്കണക്കിനു പേരാണു പോസ്റ്റൽ സേവനത്തിനായി ഇവിടെയെത്തുന്നത്. കയറിയിരിക്കാൻ ആവശ്യത്തിനു ഫർണീച്ചറുകളോ ഫാൻ അടക്കമുള്ള ഉപകരണങ്ങളോ ഇവിടെ ലഭ്യമാക്കിയിട്ടില്ല. ഓഫീസിലെത്താൻ പടികൾ കയറണമെന്നുള്ളതു വയോജനങ്ങൾ അനുഭവിക്കുന്ന മറ്റൊരു ദുരിതം. അഞ്ചിൽ കൂടുതൽ പേർ തപാൽ സേവനങ്ങൾക്കായി ഓഫീസിലെത്തിയാൽ ഏറെപ്പേരും പുറത്തുകാത്തു നിൽക്കേണ്ട ദുഃസ്ഥിതിയുണ്ട്. പാഴ്സലുകളും മറ്റു ഔദ്യോഗിക രേഖകളും സൂക്ഷിക്കുന്ന മുറികളുടെ നില ഭദ്രമല്ല. കംപ്യൂട്ടറുകളും മറ്റും പുറത്തുനിന്നുള്ള പൊടിക്കാറ്റേറ്റ് ഇടയ്ക്കിടെ പ്രവർത്തനം നിലയ്ക്കുന്നതു പണമിടപാടുകൾ, തപാൽ ഉരുപ്പടികളുടെ റജിസ്ട്രേഷൻ, പോസ്റ്റൽ ഇൻഷൂറൻസ് അടക്കമുള്ള സേവനങ്ങൾക്കു തടസം സൃഷ്ടിക്കുന്നു.
