തിരുവനന്തപുരം : മരിയനാട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു.രണ്ടു പേർക്ക് പരിക്ക്. കഠിനംകുളം വെട്ടുതുറ സ്വദേശി 47 കാരൻ അത്തനാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ 6:30 മണിയോടെയായിരുന്നു സംഭവം.
മര്യനാട് കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.
മര്യനാട് സ്വദേശി അരുൾ ദാസിന്റെ ഉടമസ്ഥതയിലുളള വള്ളമാണ് അപകടത്തിൽപ്പെട്ടത്. ജൂസ വർഗ്ഗീസ് (47), അരുൾ ദാസൻ (39), സതീഷ് (42), രാജു (57), അത്തനാസ്, ബാബു (55), കൊച്ചുമണി (52) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
വള്ളത്തിനടയിൽപ്പെട്ട് അവശനിലയിലായ അത്തനാസിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വള്ളത്തിൽ ഉണ്ടായിരുന്ന മര്യനാട് സ്വദേശിയായ ബാബുവിനും അരുൾ ദാസനും പരിക്കേറ്റിട്ടുണ്ട്. ഇവർ മര്യനാടിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടാകുന്ന 4-ാം മത്തെ മരണമാണ് ഇന്നുണ്ടായത്
