ചിറയിൻകീഴ്: പെരുങ്ങുഴിയിൽ കഴിഞ്ഞ ദിവസം അക്രമികൾ അഴിഞ്ഞാടി. നിരവധി വീടുകൾക്ക് നേരെ ആക്രമണവും വസ്തു വകകളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് പെരുങ്ങുഴി മണക്കാട്ടിൽ സരസജം വീട്ടിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ദിവസം രാത്രിയിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം വീടിന്റെ കാർ പോർച്ചിൽ കിടന്ന കാറിന്റെ ചില്ലുകളും ബോഡിയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു തകർത്തു. ഇവിടെ ഉണ്ടായിരുന്ന ബൈക്കും നശിപ്പിക്കപ്പെട്ടു. തുടർന്ന് വീടിന്റെ ജന്നൽപ്പാളികളും തകർത്തു. വീട്ടിലുണ്ടായിരുന്ന ചെടിചട്ടികളെടുത്ത് കാറിൽ എറിഞ്ഞ് ഉടയ്ക്കുകയും വീടിന് നേരെ ഏറിയുകയും ചെയ്തു. പെരുങ്ങുഴി മണ്ണീർവിളാകം എസ്.ആർ ഭവനിൽ ലതികയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 30000 ത്തോളം രൂപ വില വരുന്ന ചകിരിക്കെട്ടുകൾ തീയിട്ട് നശിപ്പിച്ചു. മുരുക്കുംപുഴ സ്വദേശി അയ്യപ്പൻ നായരുടേതാണ് ചകിരിക്കെട്ടുകൾ. കയർ പിരിക്കുന്നതിനായാണ് ലതികയുടെ വീട്ടിൽ ചകിരിക്കെട്ടുകൾ എത്തിച്ചത്. ഇതുകൂടാതെ പെരുങ്ങുഴി ആണിച്ചിവിളാകം, തണ്ണീർകോണം, മഞ്ഞത്തോപ്പിൽ എന്നിവിടങ്ങളിലെ ആറോളം വീടുകളിൽ മദ്യക്കുപ്പികളും ഫ്യൂസായ ട്യൂബ് ലൈറ്റുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇവിടെങ്ങളിലെ ചെടിചട്ടികൾ തകർക്കുകയും ചെയ്തു. തണ്ണീർ കോണം ക്ഷേത്രത്തിന് സമീപത്തെ പൊതു ടാപ്പ് അടിച്ച് തകർത്തു. പെരുങ്ങുഴി മേട മുത്താരമ്മൻ ക്ഷേത്രത്തിലെ വിളക്ക് അടക്കമുളള പൂജ സാധനങ്ങൾ അലങ്കോലമാക്കി വലിച്ചെറിഞ്ഞു. അക്രമിസംഘങ്ങളുടെ ഈ തേർവാഴ്ചയിൽ ഭയ ചകിതരാണ് നാട്ടുകാർ. സംഭവുമായി ബന്ധപ്പെട്ട് വിവരം പൊലീസിനെ അറിയിച്ചിട്ടും സമയത്ത് അവർ എത്തിയില്ലെന്ന ആരോപണവുമുണ്ട്. മദ്യ-ലഹരി മാഫിയ സംഘങ്ങൾ നാട്ടിൽ പെരുകുകയാണെന്നും പൊലീസ് പട്രോളിംഗ് അടക്കമുളള നടപടികൾ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് പിടിയിലായതായാണ് സൂചന. ഇക്കഴിഞ്ഞ വെളളിയാഴ്ച പെരുങ്ങുഴി ഇടഞ്ഞുംമൂലയിൽ ടിപ്പർ ലോറി ഡ്രൈവറെ വഴിയിൽ തടഞ്ഞ് നിർത്തി അക്രമികൾ മർദ്ദിച്ച് അവശനാക്കിയിരുന്നു
