വിമാനമാർഗം എം.ഡി.എം.എ എത്തിച്ച് മൊത്തവിൽപന നടത്തിയിരുന്ന അന്തർസംസ്ഥാന ബന്ധമുള്ള യുവാവ് പൊലീസ് പിടിയിലായി. ഇയാളിൽനിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 90 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഉമയനല്ലൂർ വടക്കുംകര റിജി നിവാസിൽ എ. ഷിജുവിനെയാണ് (34) കൊല്ലം സിറ്റി പൊലീസ് കമീഷണറുടെയും അസി. കമീഷണറുടെയും നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും ചേർന്ന് പിടികൂടിയത്.
ഡൽഹിയിൽനിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിയ ശേഷം ടാക്സിയിൽ കൊട്ടിയത്തും അവിടെനിന്ന് ഓട്ടോയിൽ മാടൻനടയിൽ വന്നിറങ്ങിയപ്പോഴാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ ഇയാൾ പിടിയിലായത്. ആന്ധ്രയിൽ 60 കിലോ കഞ്ചാവുമായി ഇയാൾ നേരത്തേ പിടിയിലായിട്ടുണ്ട്. ഏതാനും മാസം മുമ്പ് എം.ഡി.എം.എ കേസുമായി ബന്ധെപ്പട്ട് കൊല്ലം ഈസ്റ്റ് പൊലീസ് ഇയാളെ പിടികൂടിയെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നുകണ്ട് വിട്ടയച്ചിരുന്നു.
