വിഴിഞ്ഞം : മീൻപിടിത്തത്തിനായി ആഴക്കടലിൽ നങ്കൂരമിട്ടിരുന്ന ട്രോളിങ് ബോട്ടിനെ ഇടിച്ചുതകർത്ത സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്(ഡി.ജി. ഷിപ്പിങ്) അധികൃതർ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ച എം.വി. സോളിസ് എന്ന പനാമ കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി. അനുമതിയില്ലാതെ രാജ്യംവിടരുതെന്ന് ക്യാപ്റ്റന് നിർദേശവും നൽകിയിട്ടുണ്ട്.
വിഴിഞ്ഞം കോസ്റ്റ്ഗാർഡിന്റെ അനഘ് എന്ന സൈനിക കപ്പലാണ് വിദേശ കപ്പലിനെ അപകടം നടന്ന സ്ഥലത്തുനിന്ന് വിഴിഞ്ഞത്ത് എത്തിച്ചത്. മെർക്കന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റിലെ ചീഫ് സർവേയർ ക്യാപ്റ്റൻ ഷേണായും മറ്റ് ഉദ്യോഗസ്ഥരുമാണ് കപ്പലിനുള്ളിലും ബോട്ടിൽ സഞ്ചരിച്ച് കപ്പലിന്റെ അണിയവും(മുൻഭാഗം) അമരവും(പിൻഭാഗം) പരിശോധിച്ചത്.
കപ്പലിന്റെ അണിയത്തുള്ള പെയിന്റ് മുഴുവനും ഇളകിയിട്ടുണ്ട്. കൊല്ലം നീണ്ടകരയിൽനിന്ന് കന്യാകുമാരിയിലെ ആഴക്കടലിൽ മീൻപിടിക്കാൻപോയ സെയ്ന്റ് ജോസഫ് എന്ന ട്രോളിങ് ബോട്ടിനെയാണ് ഇടിച്ചുതകർത്തത്.
കഴിഞ്ഞ ഏഴിന് തമിഴ്നാട് മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിൽ വെച്ചാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് അതിലുണ്ടായിരുന്ന 11 തൊഴിലാളികളും കടലിലേക്കു വീണു. ഇവരിൽ അച്ഛനും മകനുമായ തൊഴിലാളികൾ ഒഴികെ ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷിച്ചിരുന്നു.
കപ്പലിലുള്ള സി.സി.ടി.വി. ക്യാമറകളും പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസമെത്തിയ കപ്പലിന്റെ പ്രതിനിധിയും ഇൻഷുറൻസ് ഉദ്യോഗസ്ഥരും കപ്പലിലെത്തിയിരുന്നു. തുടർന്ന് പ്രതിനിധി ചീഫ് സർവേയർക്ക് വി.ഡി.ആറിന്റെ രഹസ്യക്കോഡ് കൈമാറിയിട്ടുമുണ്ട്. ക്യാപ്റ്റൻ ലെവാൻ ടുവാനും ജീവനക്കാരും അടക്കം 20 പേരിൽനിന്ന് അപകട സാഹചര്യത്തെക്കുറിച്ചും ചീഫ് സർവേയർ വിശദവിവരങ്ങൾ തേടി.
