പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂളിൽ കുരുന്നുകൾ വൈവിധ്യമാർന്ന പരിപാടികളോടെ ബേപ്പൂർ സുൽത്താന്റെ ചരമവാർഷികം ആചരിച്ചു. ബഷീർ കൃതികൾ കുട്ടികൾക്കായി പരിചയപ്പെടുത്തൽ, ബഷീർ കൃതികളുടെ വായന, കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ബഷീർ കൃതികളായ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, പ്രേമലേഖനം, മതിലുകൾ എന്നിവയിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം കുരുന്നുകൾക്ക് വേറിട്ട അനുഭവമായി. “ബാല്യകാലസഖി”യിലെ സുഹറയെയും മജീദിനെയും സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ സുബുഹാനയും അർണവും അവതരിപ്പിച്ചു. ‘പാത്തുമ്മയുടെ ആടിലെ’ ബഷീറിനെയും പാത്തുമ്മയെയും മൂന്നാം ക്ലാസിലെ നസ്മയും നാലാം ക്ലാസിലെ സെയിൻ റിസ്വാനും അവതരിപ്പിച്ചു. ‘പ്രേമലേഖന’ത്തിലെ സാറാമ്മയായി നാലാം ക്ലാസിലെ യുവാനും ബഷീറായി ആറാം ക്ലാസിലെ ഫസയും അരങ്ങിൽ എത്തിയപ്പോൾ “മതിലുകൾ” എന്ന കൃതിയിൽ നാരായണിയായി അഞ്ചാം ക്ലാസിലെ ദക്ഷയും ബഷീറായി നാലാം ക്ലാസിലെ സൈൻ റിസ്വാനും കുരുന്നുകൾക്ക് കാഴ്ചവിരുന്നൊരുക്കി.
കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സിന്ധു എസ്, വൈസ് പ്രിൻസിപ്പൽ ലൗലി സനൽ, സ്കൂൾ അക്കാദമിക് കോർഡിനേറ്റർ ബിജികലാ രാജു, മലയാളം അധ്യാപിക ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.
