വർക്കല: സത്യവിശ്വാസിയുടെ ജീവിതത്തിലെ പരമമായലക്ഷ്യം സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കലായിരിക്കണമെന്ന് കൊല്ലം കൊട്ടുമ്പുറം ജുമാ:മസ്ജിദ് ചീഫ്ഇമാം സുഹുഫ് മന്നാനി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ പത്താം ദിവസമായ തിങ്കളാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും സ്വന്തമാക്കുമ്പോൾ വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടു അനുഗ്രഹങ്ങളാണ് നരകമോചനവും സ്വർഗ്ഗപ്രവേശനവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടന്നുപോയ മഹാരഥന്മാരായ മുൻഗാമികളുടെ ജീവിതം അല്ലാഹുവിന് വേണ്ടി മാത്രമായി സമർപ്പിക്കപ്പെട്ടതായിരുന്നുവെന്നും, അവരുടെ പാത പിന്തുടരാൻ നാം തയ്യാറാകണമെന്നും സുഹുഫ് മന്നാനി ഉദ്ബോധിപ്പിച്ചു.
ബുഖാരി മജ്ലിസിന്റെ പതിനൊന്നാം ദിവസമായ ജൂലൈ 28, ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ ആറാലുംമൂട് ജുമാ:മസ്ജിദ് ചീഫ്ഇമാം കൊല്ലം ഷംനാദ് നിസാമി പ്രഭാഷണം നടത്തും.
