കഴക്കൂട്ടം : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കഠിനംകുളം പുതുക്കുറിച്ചിയിൽ വീടിന് നേരെ കല്ലേറും അക്രമവും. പുതുക്കുറിച്ചി പുന്നമൂട് ഹൗസിൽ 69 കാരിയായ നദീറയ്ക്കും ഇവരുടെ വീടിന് നേരെയും ലഹരി സംഘം അക്രമം നടത്തിയെന്നാണ് പരാതി. വീടിൻ്റെ ഷീറ്റും, ജനാലകളും, കസേരകളും, തകർത്തിട്ടുണ്ട്. സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ മകൻ ഉൾപ്പെടുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. നദീറയുടെ വീടിൻ്റെ മതിൽ ചാടികടന്ന് കോമ്പൗണ്ടിനുള്ളിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. നദീറയ്ക്ക് നേരെ അക്രമവും അസഭ്യവർഷവും നടത്തിയ സംഘം ചോദ്യം ചെയ്ത മക്കളെയും അക്രമിച്ചു. അക്രമത്തിൽ പരിക്കേറ്റവർ പീന്നീട് ചികിത്സതേടി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതോടെ രാത്രി 8 മണിയോടെ വീട് നേരെ കല്ലേറ് നടത്തുകയായിരുന്നു
മത്സ്യതൊഴിലാളികൾക്ക് വാടകക്ക് നൽകിയിരുന്ന വീടിന് നേരെയാണ് അക്രമം ഉണ്ടായത്. താമസക്കാർ പുറത്തേക്ക് പോയതിനാൽ ആർക്കും പരിക്കേറ്റില്ല. സമീപത്തെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന നദീറയുടെ ഭർത്താവ് റഷീദിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുകയും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
