വർക്കല: അറിവിന്റെ വഴിത്താരകളിലേക്ക് വെളിച്ചം വീശുന്ന ഗുരുവര്യന്മാർ മനുഷ്യന്റെ ആത്മീയ പിതാക്കന്മാരാണെന്നും ആ ബന്ധം ആദരവോടെ കാത്തുസൂക്ഷിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കാട്ടാക്കട താലൂക്ക് സമിതി അധ്യക്ഷൻ എസ്.എച്ച് ത്വാഹിർ മൗലവി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ പത്തൊൻപതാം ദിവസമായ ബുധനാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നേടിയെടുക്കുന്ന അറിവുകൾ വെറും കേവല അക്ഷരങ്ങളായി ഒതുക്കിനിർത്താതെ, അവയെ സ്വന്തം ജീവിതത്തിൽ പൂർണ്ണമായും പകർത്തി ജീവിക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണ്ണമാകുന്നത്. പരിശുദ്ധ ഖുർആന്റെ വചനങ്ങളും ദിക്റുകളും ദുആ:ക്കളും ഉൾപ്പെടെ നാം അറിയുന്ന ഓരോന്നും അതിന്റെ കൃത്യമായ ഉച്ചാരണങ്ങളോടെ പഠിച്ച് ഹൃദ്യസ്ഥമാക്കാനും ഉരുവിടാനും നാം ശ്രദ്ധിക്കണമെന്നും ഉസ്താദുമാരെയും ഗുരുവര്യന്മാരെയും തികഞ്ഞ ആദരവോടെ കാണുകയും അവരുടെ പൊരുത്തവും തൃപ്തിയും നേടിയെടുക്കുകയും ചെയ്യുകയെന്നത് ഏതൊരു സത്യവിശ്വാസിയുടെയും ഇഹലോകത്തെയും പരലോകത്തെയും വിജയത്തിന് നിദാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപകരോടുള്ള ആദരവും ഗുരുത്വവുമാണ് മഹത്തുക്കളായ മുൻഗാമികളെ ഉന്നതങ്ങളിലേക്ക് നയിച്ചതെന്ന് സി.എച്ച് ത്വാഹിർ മൗലവി ഓർമ്മിപ്പിച്ചു.
ബുഖാരി മജ്ലിസിന്റെ ഇരുപതാം ദിവസമായ ഓഗസ്റ്റ് 6,വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ ചിറ്റൂർ ജുമുഅ: മസ്ജിദ് ചീഫ് ഇമാം മാമം അബ്ദുൽ ലത്തീഫ് മൗലവി പ്രഭാഷണം നടത്തും.
