വർക്കല: സത്യവിശ്വാസിയുടെ ജീവിതത്തിൽ തിരുനബി(സ്വ) യോടുള്ള അളവറ്റ സ്നേഹം അനിവാര്യമാണെന്ന് ജാമിഅഃ മന്നാനിയ്യ മുത്വവ്വൽ വിദ്യാർത്ഥി സുഹൈൽ മൗലവി കടയ്ക്കൽ അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ ഇരുപത്തൊന്നാം ദിവസമായ വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റബീഉൽ അവ്വലും നബിദിനാഘോഷങ്ങളും കടന്നുവരുമ്പോൾ കേവലമായ ചടങ്ങുകൾക്കപ്പുറം തിരുനബിയുടെ ചര്യകളെ പിന്തുടരുന്നതും അവിടുത്തെ സ്നേഹം ജീവിതത്തിൽ പകർത്തുന്നതുമായ പ്രവർത്തനങ്ങളാണ് നമ്മിൽ നിന്നുണ്ടാകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മാനവകുലത്തെയാകമാനം സ്നേഹിക്കുകയും അവർക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു പ്രവാചകർ. ആ പ്രവാചക സ്നേഹത്തെ നെഞ്ചിലേറ്റി ജീവിതം ധന്യമാക്കിയ മഹത്തുക്കളായ മുൻഗാമികളുടെ പാത പിന്തുടരാൻ നാം തയ്യാറാകണമെന്നും കടയ്ക്കൽ സുഹൈൽ മൗലവി ഉണർത്തി.
ബുഖാരി മജ്ലിസിന്റെ ഇരുപത്തിരണ്ടാം ദിവസമായ ഓഗസ്റ്റ് 8, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ പെരിങ്ങാട് ജുമുഅഃ മസ്ജിദ് ചീഫ് ഇമാം അബൂ മുഹമ്മദ് ഇദ്രീസ് ഷാഫി മൗലവി പ്രഭാഷണം നടത്തും.
