വർക്കല: സമന്വയ വിദ്യാഭ്യാസ രംഗത്ത് ജാമിഅഃ മന്നാനിയ്യ വഹിക്കുന്ന പങ്ക് മാതൃകാപപരമാ ണെന്നും മുൻകാല നേതാക്കളും നിലവിലെ ഭാരവാഹികളും പ്രസ്ഥാനത്തോടും ജാമിഅഃ മന്നാനിയ്യായോടും പുലർത്തിയിട്ടുള്ള സേവന മനോഭാവവും സമാനതകളില്ലാത്ത ആത്മാർത്ഥതയുമാണ് ഈ കലാലയത്തിന്റെ വിജയത്തിന് പിന്നിലെന്നും പെരിങ്ങാട് ജുമുഅഃ മസ്ജിദ് ചീഫ് ഇമാം അബൂ മുഹമ്മദ് ഇദ്രീസ് ഷാഫി മൗലവി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ ഇരുപത്തിരണ്ടാം ദിവസമായ ശനിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച ആ മഹദ് വ്യക്തിത്വങ്ങളെ സ്മരിക്കാതെയും അവർക്ക് വേണ്ടി പ്രാർത്ഥിക്കാതെയും ഒരു ബുഖാരി മജ്ലിസ് സമ്മേളനം പോലും കടന്നു പോകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരഥന്മാരായ റഈസുൽ ഉലമ ശിഹാബുദീൻ ഉസ്താദ് മുതൽ നൂറുൽ ഉലമ കെ.പി ഉസ്താദ് വരെയുള്ള പണ്ഡിത ശ്രേഷ്ഠന്മാരുടെ മഗ്ഫിറത്തിനായി മജ്ലിസിൽ പ്രത്യേക പ്രാർത്ഥന നടത്തി.
മന്നാനിയ്യ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കുമായി എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് പെരിങ്ങാടുസ്താദ് അഭ്യർത്ഥിച്ചു.
ബുഖാരി മജ്ലിസിന്റെ ഇരുപത്തിമൂന്നാം ദിവസമായ ഓഗസ്റ്റ് 9, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ കടുവയിൽ ജുമുഅഃ മസ്ജിദ് ചീഫ് ഇമാം അബൂറബീഹ് സ്വദഖത്തുള്ള ബാഖവി പ്രഭാഷണം നടത്തും.
