ആറ്റിങ്ങൽ: ഈ മാസം അഞ്ചിനാണ് വർക്കലയിലെ 23 മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാളെ ഇനിയും കണ്ടെത്താനായില്ല. അപകടം സംഭവിച്ച് 12 ദിവസം പിന്നിടുമ്പോഴും അബ്ദുൽ സമദിനെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തിൽ 18 പേർ രക്ഷപ്പെടുകയും നാലുപേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞ അഞ്ചിനാണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ കാറ്റിൽപെട്ട് ഇവരുടെ ബോട്ട് നിയന്ത്രണം നഷ്ടപ്പെടുകയും മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടിൽ ഇടിച്ച് മറിയുകയുമായിരുന്നു.18 പേർ രക്ഷപ്പെട്ടു. ഷാനവാസ് ,നിസാമുദ്ദീൻ എന്നിവരുടെ മൃതദേഹങ്ങൾ അപകട ദിവസം തന്നെ കോസ്റ്റൽ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ കണ്ടെത്തി.
തുടർന്ന് കാണാതായ വർക്കല ചിലക്കൂർ സ്വദേശികളായ ഉസ്മാൻ , മുസ്തഫ, സമദ് എന്നിവർക്കായി ശക്തമായ തിരച്ചിലും ആരംഭിച്ചിരുന്നു. ഇതിനിടെ സെപ്റ്റംബർ എട്ടിന് വിഴിഞ്ഞം പനത്തുറ ഭാഗത്തുനിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുകയും ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതിനെതുടർന്ന് ഡി.എൻ.എ പരിശോധന നടത്തി മുസ്തഫയുടേതാണെന്ന് തിരിച്ചറിയുകയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. സെപ്റ്റംബർ ഒമ്പതിന് കോവളം അടിമലത്തുറ ഭാഗത്തുനിന്ന് ഉസ്മാന്റെ മൃതദേഹം കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് അബ്ദുൽ സമദിനെയാണ്. ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.
