തിരുവനന്തപുരം: മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച കേസിൽ ക്രൈംബ്രാഞ്ച് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവമുണ്ടായി അഞ്ചര വർഷത്തിനു ശേഷമാണു നടപടി. അതും ഹൈക്കോടതി കർശന നിർദേശം നൽകിയപ്പോൾ മാത്രവും. വിജിലൻസ് മേധാവിയായിരുന്ന സുധേഷ് കുമാർ ഒരു വർഷം മുൻപാണു വിരമിച്ചത്.
പോലീസ് ഡ്രൈവർ ഗവാസ്കറിനെ സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ കനകക്കുന്നിൽ പ്രഭാത സവാരിക്ക് എത്തിയപ്പോൾ കഴുത്തിനു പിന്നിൽ മർദിച്ചു എന്നായിരുന്നു പരാതി. ഡിജിപിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നു പലവട്ടം നേരിട്ട പീഡനങ്ങൾ സംബന്ധിച്ചു സുധേഷ് കുമാറിനോടു പരാതി പറഞ്ഞതിനുള്ള പ്രതികാരമായാണ് മർദനമെന്നായിരുന്നു ഗവാസ്കർ പോലീസിന് നൽകിയ പരാതി.അന്നത്തെ ഡിജിപിയും പോലീസ് അസോസിയേഷൻ നേതാവും കേസ് ഒതുക്കാൻ ഗവാസ്കറിനു മേൽ വൻ സമ്മർദം നടത്തി. അതു ഫലിക്കാതെ വന്നതോടെ 2 കേസുകളും ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ്പി പ്രകാശൻ കാണിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാൽ അന്നത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത് കുറ്റപത്രം പലവട്ടം അന്വേഷണ സംഘത്തിനു മടക്കി. അങ്ങനെ വർഷങ്ങൾ നീണ്ടു. ഇതിനിടെ സുധേഷ് കുമാർ വിരമിക്കുകയും കുടുംബവുമൊത്തു ഡൽഹിക്കു പോകുകയും ചെയ്തു. കുറ്റപത്രം വൈകുന്നതിനെതിരെ ഗവാസ്കർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മർദനം വൻ വിവാദമായതോടെ ഗവാസ്കർ ജാതി അധിക്ഷേപം നടത്തിയെന്നു സ്നിഗ്ധ പോലീസിനു പരാതി നൽകി. ഉന്നത ഉദ്യോഗസ്ഥർ പോലീസുകാരെ കൊണ്ടു ദാസ്യവൃത്തി ചെയ്യിക്കുന്നുവെന്നതു വൻ വിവാദവുമായി. സ്നിഗ്ധയുടെ പരാതിയിലെടുത്ത കേസിൽ തെളിവുകളില്ലെന്നും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.
