കരാറുകാരൻ പിൻവാങ്ങി; പുന്നമൂട് മാർക്കറ്റ് നവീകരണം മുടങ്ങി
വർക്കല∙ കാലപ്പഴക്കത്താൽ വൃത്തിഹീനവും അപകടകരവുമായ അവസ്ഥയിൽ തുടരുന്ന നഗരസഭ പുന്നമൂട് മാർക്കറ്റിന്റെയും കടമുറികളുടെയും നവീകരണം മുടങ്ങി. പുനർനിർമാണത്തിൽ നിന്നു കരാറുകാരൻ പിൻവാങ്ങി. പത്ത് മാസം മുൻപ് ടെൻഡർ സ്വീകരിച്ച കരാറുകാരൻ നിശ്ചിത കാലയളവിലും നിർമാണം തുടങ്ങാതിരുന്നതോടെ കിഫ്ബി ഫണ്ടും മുടങ്ങുന്ന സ്ഥിതിയായി. എന്നാൽ സ്ഥലമൊന്നാകെ ഒഴിപ്പിക്കാനുള്ള നീക്കം കടമുറികളിലെ കച്ചവടക്കാർ എതിർത്തു. മാർക്കറ്റ് ജീർണാവസ്ഥയിലാണ്. മറ്റു കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി കാലാവധിയും പിന്നിട്ടു.
2018ൽ ആണ് കിഫ്ബി ഫണ്ടിൽ മാർക്കറ്റ് നവീകരണം ലക്ഷ്യമിട്ടത്. വർക്കലയിലെ ഏറ്റവും വലിയ മത്സ്യവിപണന കേന്ദ്രമായ മാർക്കറ്റിലൂടെ ഗണ്യമായ വരുമാനം നഗരസഭ ഉറപ്പാക്കുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ മാർക്കറ്റ് പ്രവർത്തനം തുടരുന്നതും കരാറുകാരൻ പിൻവലിയുകയും ഫണ്ടിങ് ഏജൻസി പിൻവാങ്ങുകയും ചെയ്ത സാഹചര്യം നഗരസഭ ഭരണസമിതിക്കു കനത്ത തിരിച്ചടിയായി. അടുത്ത തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനു മാസങ്ങൾ ബാക്കി നിൽക്കെ 4.5 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പുനർനിർമാണം മുടങ്ങാതിരിക്കാൻ വഴികൾ നോക്കുകയാണ് ഭരണസമിതി. വിഷയം ചർച്ച ചെയ്യാൻ നഗരസഭ കൗൺസിൽ യോഗം അടുത്തദിവസം വിളിച്ചു ചേർത്തതായി നഗരസഭ അധ്യക്ഷൻ കെ.എം.ലാജി അറിയിച്ചു.
