വർക്കല: സാമ്പത്തിക ഇടപാടുകളിൽ വിശ്വാസികൾ ഇസ്ലാമികമായ പരിശുദ്ധിയും സൂക്ഷ്മതയും കാത്തുസൂക്ഷിക്കണമെന്ന് ഓടയം ജുമുഅ: മസ്ജിദ് ചീഫ് ഇമാം പ്രൊഫ.സലീം മൗലവി എം.എഫ്.ബി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ പതിനാറാം ദിവസമായ ഞായറാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമസ്കാരം, നോമ്പ് തുടങ്ങിയ പുണ്യകർമ്മങ്ങൾ നിത്യവും നിർവ്വഹിക്കുന്ന ചിലരിൽ നിന്നുപോലും സാമ്പത്തിക രംഗത്ത് സൂക്ഷ്മതക്കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ആരാധനാ കർമ്മങ്ങൾ സ്രഷ്ടാവായ അല്ലാഹുവുമായി മാത്രം ബന്ധപ്പെട്ടതായതിനാൽ അതിലെ പോരായ്മകൾക്ക് അവൻ മാപ്പു നൽകിയേക്കാം. എന്നാൽ മറ്റൊരാൾക്ക് അവകാശപ്പെട്ട ധനം നമ്മുടെ കയ്യിൽ അന്യമായി വന്നുചേർന്നാൽ ആ വ്യക്തിയുടെ പൂർണ്ണ തൃപ്തിയില്ലാതെ അതിന് പരിഹാരമാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഇമാം ബുഖാരി (റ) തന്റെ സ്വഹീഹുൽ ബുഖാരിയിൽ സാമൂഹിക ഇടപാടുകളെക്കുറിച്ച് ധാരാളം പാഠഭാഗങ്ങൾ നിശ്ചയിച്ച് തിരുനബി(സ)യുടെ മാതൃകാപരമായ ഇടപാടുകളും ഉപദേശങ്ങളും പ്രത്യേകം ഉദ്ധരിച്ചിട്ടുള്ളതെന്ന് പ്രൊഫ.സലീം മൗലവി ചൂണ്ടിക്കാട്ടി.
ബുഖാരി മജ്ലിസിന്റെ പതിനേഴാം ദിവസമായ ഓഗസ്റ്റ് 3, തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ വടശ്ശേരിക്കോണം ജുമുഅ: മസ്ജിദ് ചീഫ് ഇമാം നൗഫൽ ബാഖവി പ്രഭാഷണം നടത്തും.
